Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Welfare Board

കെട്ടിടനിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് ആറുമാസത്തെ പെന്‍ഷന്‍ കുടിശിക അനുവദിക്കുന്നു

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കേരള കെട്ടിട നിര്‍മാണ ക്ഷേമനിധി ബോര്‍ഡ് ആറു മാസത്തെ പെന്‍ഷന്‍ കുടിശികയും അംശാദായ റീഫണ്ടും അനുവദിക്കുന്നു. ഇന്നു കല്‍പ്പറ്റയില്‍ ചേര്‍ന്ന ബോര്‍ഡ് ഡയറക്ടര്‍മാരുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം.

പെന്‍ഷനും അംശാദായം റീഫണ്ടുമായി ഏകദേശം 400 കോടി രൂപയാണ് വിതരണം ചെയ്യുന്നതെന്ന് ബോര്‍ഡ് ചെയര്‍മാന്‍ വി. ശശികുമാര്‍, ഡയറക്ടര്‍മാരായ കെ.പി. തമ്പി കണ്ണാടന്‍, മണ്ണാര്‍ രാമചന്ദ്രന്‍, സലിം തെന്നിലാപുരം, സി.പി. മുരളി, സെക്രട്ടറിയും അഡീഷണല്‍ ലേബര്‍ കമ്മീഷണറുമായ കെ.എം. സുനില്‍ എന്നിവര്‍ പറഞ്ഞു.

16 മാസത്തെ പെന്‍ഷന്‍ കുടിശികയില്‍ ആറു മാസത്തേത് വിതരണം ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വണ്‍ ടൈം അസിസ്റ്റന്‍സായി 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കേരള ചുമുട്ടുതൊഴിലാളി ബോര്‍ഡില്‍നിന്ന് 100 ഉം കേരള മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡില്‍നിന്ന് 50 ഉം കേരള കള്ളുവ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്ന് 185 ഉം കോടി രൂപ വായ്പയെടുക്കുന്നതിന് സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടുണ്ട്.

ആറു മാസത്തെ പെന്‍ഷന്‍ കുടിശികയായി 9,600 രൂപ വീതം 4.5 ലക്ഷത്തില്‍പരം ഗുണഭോക്താക്കളുടെ അക്കൗണ്ടുകളില്‍ ദിവസങ്ങള്‍ക്കുള്ളില്‍ എത്തും. 40 കോടി രൂപയാണ് അംശാദായം റീഫണ്ടായി നല്‍കുന്നത്. ക്ഷേമനിധി അംഗങ്ങളില്‍ 60 വയസ് തികഞ്ഞവര്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്നതാണ് അംശാദായമായി അടച്ച തുക തിരികെ നല്‍കണമെന്ന ആവശ്യം.

ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതാണ് 16 മാസമായി പെന്‍ഷന്‍ വിതരണം മുടങ്ങാന്‍ കാരണമെന്ന് ചെയര്‍മാന്‍ പറഞ്ഞു. ഒരു മാസത്തെ പെന്‍ഷന്‍ വിതരണത്തിന് 65 കോടി രൂപയാണ് ആവശ്യം. സെസ് ഇനത്തിലും അംശാദായമായും ലഭിക്കുന്ന തുക പെന്‍ഷനും മറ്റാനുകൂല്യങ്ങളും മുടങ്ങാതെ വിതരണം ചെയ്യുന്നതിന് പര്യാപ്തമല്ല.

സെസ് പിരിവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയായതിനുശേഷമാണ് മാസം ഏകദേശം 50 കോടി രൂപ ബോര്‍ഡിന് ലഭിക്കാന്‍ തുടങ്ങിയത്. സെസ് ഇനത്തില്‍ എസ്റ്റിമേറ്റ് തുകയുടെ ഒരു ശതമാനമാണ് കെട്ടിടം ഉടമകളില്‍നിന്ന് ഈടാക്കുന്നത്. 10 ലക്ഷം രൂപയില്‍ കൂടുതല്‍ നിര്‍മാണച്ചെലവുള്ള കെട്ടിടങ്ങള്‍ക്കാണ് സെസ് ബാധകം.

ക്ഷേമനിധി ബോര്‍ഡിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതാണ് ലേബര്‍ കോഡിലെ, 50 ലക്ഷം രൂപയില്‍ കൂടുതല്‍ നിര്‍മാണച്ചെലവുള്ള കെട്ടിട്ങള്‍ക്ക് സെസ് ചുമത്താനുള്ള വ്യവസ്ഥ. നിലവിലെ ബോര്‍ഡിന്‍റെ അവസാനത്തെ യോഗമാണ് ഇന്ന് ചേര്‍ന്നത്.

പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരിലെ ക്ഷേമ നിധി അംഗങ്ങളില്‍ 15 പേര്‍ക്ക് ആറ് ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ യോഗത്തില്‍ വിതരണം ചെയ്തു. നേരത്തേ 32 പേര്‍ക്ക് 15.35 ലക്ഷം രൂപ ആനുകൂല്യമായി നല്‍കിയിരുന്നു. ബോര്‍ഡ് അംഗങ്ങള്‍ ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ചതായും ചെയര്‍മാന്‍ പറഞ്ഞു.

Latest News

Corehub Up